: യു.എ.ഇ.യിലെ ഏഴ് എമിറേറ്റുകളുടെ ഭരണാധികാരികളും രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനും ഒരൊറ്റ ഫ്രെയിമിൽ. ദേശീയ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശി സിജിൻ ഗോപിനാഥൻ എന്ന ചിത്രകാരനാണ് ഡിജിറ്റൽ പെയിന്റിങ്ങിലൂടെ ഈ മനോഹരചിത്രം രൂപപ്പെടുത്തിയത്.
സിജിന്റെ അബ്‌സ്ട്രാക്ട് പെയിന്റിങ്ങിലുള്ള ഗാന്ധിജിയുടെ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. വരച്ച ചിത്രങ്ങളിലേറെയും യു.എ.ഇ.യും കടന്ന് അന്താരാഷ്ട്രതലത്തിൽവരെ ശ്രദ്ധിക്കപ്പെട്ടു. സ്ത്രീശാക്തീകരണം മുതൽ വ്യത്യസ്തതലങ്ങളിൽവരെ എണ്ണച്ചായത്തിലും ജലച്ചായത്തിലും അക്രിലിക്കിലും ഡൂഡിൽ എന്ന വ്യത്യസ്തമായ രചനാസങ്കേതത്തിലുമുള്ള ജീവസ്സുറ്റ ചിത്രങ്ങളാണ് സിജിന്റെ ദുബായ് അൽ നഹ്ദയിലെ ഫ്ളാറ്റിനുള്ളിലുള്ളത്.
ഡൂഡിൽ ആർട്ടിൽ ഉൾപ്പെടെ ചിത്രകലാ മേഖലയിൽ നിരവധി പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനുള്ള ജന്മദിന ആശംസകൾ തുടങ്ങി നിരവധി ചിത്രങ്ങളാണ് ഡൂഡിൽ ആർട്ടിൽ പൂർത്തിയാക്കിയത്.
വേൾഡ് ആർട്ട് ദുബായ്, ദി ഹോട്ടൽ ഷോ അടക്കം വിവിധ വേദികളിലും ദുബായ് മാൾ, ദി സിറ്റി വാക്കിലും ഡൂഡിൽ ചിത്രങ്ങൾ പ്രദർശിപ്പിച്ച് മലയാളികളുടെ അഭിമാനമായി. സിജിൻ നേതൃത്വം കൊടുക്കുന്ന ആർട്ടിസ്റ്റ് നെറ്റ്‌വർക്ക് എന്ന ഗ്രൂപ്പും ഇപ്പോൾ സജീവമാണ്. ദുബായിൽ ഒരു സോഫ്റ്റ് വേർ ഡെവലപ്പ്‌മെന്റ് കമ്പനിയിൽ വെബ് മൊബൈൽ ആപ്പ് ഡെവലപ്പറാണ് സിജിൻ. ഭാര്യ: ശ്രീദേവി. നോറ മകളാണ്.