ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. യു എ ഇയിലെ മലയാളി സുഹൃത്തുക്കളുടെ നാടിനും കുടുംബങ്ങൾക്കും പ്രളയം ദുരിതം വിതച്ചത് വേദനയോടെ നോക്കിക്കണ്ട അനേകം കലാകാരമാരുണ്ട് ഇവിടെ. അതിലൊരാളാണ് യു എ ഇ സ്വദേശിയും ചിത്രകാരനുമായ അഹമ്മദ് അൽ ഫലാസി. കലയിലൂടെ കേരളത്തെ സഹായിക്കണമെന്ന് മനസിലുറച്ചപ്പോഴാണ് ദുബായ് ഔട്ട്ലെറ്റ് മാളിൽ അതിനു അവസരമൊരുങ്ങിയത്. സഹായത്തിന്റെ നിറക്കൂട്ടൊരുക്കാൻ ആദ്യമെത്തിയതും അഹമ്മദ് അൽ ഫാലസി ആയിരുന്നു. സപ്പോർട്ട് കേരള എന്ന പ്രമേയത്തിൽ പതിനാല് കലാകാരൻമാരാണ് ദുബായ് ഔട്ട്ലെറ്റ് മാളിൽ ഒത്തുചേർന്ന് കേരളത്തിനായി സാന്ത്വനത്തിന്റെ നിറക്കൂട്ടൊരുക്കിയത്. പ്രമുഖ ഡൂഡിൽ ആർട്ടിസ്റ്റും തിരുവന്തപുരം വെഞ്ഞാറമൂട് സ്വദേശിയുമായ സിജിൻ ഗോപിനാഥാണ് ഈ ആശയത്തിന് പിന്നിൽ. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കാനുള്ള സംവിധാനവും ഒരുക്കിയിരുന്നു. ചിത്രം വിറ്റുകിട്ടുന്ന തുകയും ദുരിതാശ്വാസ നിധിയിലേക്കുള്ളതാണ്. പന്തണ്ട് ഇന്ത്യക്കാരടക്കം പതിനാല് പേർ ചേർന്നാണ് കേരളത്തിന്റെ വിവിധ ജില്ലകളെ പ്രതിനിധാനം ചെയ്ത് നവകേരളത്തെ വരച്ചത്. ഷെഹി ഷാഫി, ശ്യാം ലാൽ, ആരതി സുനിൽ, ആശ മേനോൻ, ഗായത്രി അടിയോലിൽ തുടങ്ങിയ മലയാളി ചിത്രകാർക്കൊപ്പം ശ്രീലങ്കൻ സ്വദേശി ഫാത്തിമ റെനുസ റെസൂക്ക്, മുംബൈ സ്വദേശി ഭൈരവി മിസ്ത്രി, കൊൽക്കത്തക്കാരി ഋതുപർണ റോയ് തുടങ്ങിയവരും കൂട്ടായിച്ചേർന്നാണ് നിറകൂട്ടൊരുക്കിയത്.