close

contact

Discuss about new creative projects
Request a Quote Get in Touch
Stay intouch with theedesigner for the latest, connect me here on social media.

കാറിനെ കളർ ആക്കി മലയാളിയുടെ ഡൂഡിൾ ആര്ട്ട്

ദുബായ്∙ ഏക വർണം കൊണ്ടു വരയിൽ വിസ്മയം തീർക്കുകയാണു മലയാളി യുവാവ്. മിനി കൂപ്പർ കാറിൽ ലൈവായി ഡൂഡിൽ ആർട്ട് ചെയ്താണു മ്യൂറൽ ആർട്ടിസ്റ്റും ആർട്ട് ഡയറക്ടറുമായ വെഞ്ഞാറമൂട് സ്വദേശി സിജിൻ ഗോപിനാഥൻ ദുബായ് വേള്‍ഡ് ആര്‍ടിൽ താരമായത്. വാഹനത്തിൽ തത്സമയം ഡൂഡിൽ ആർട്ട് ചെയ്യുന്നത് യുഎഇയിൽ ആദ്യമാണ്. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന വേൾഡ് ആർട്ടിൽ 27 രാജ്യങ്ങളിലെ കലാകാരന്മാരുടെ 2000 സൃഷ്ടികള്‍ക്ക് ഇടയിലാണ് വരയിലെ ഈ മലയാളി മികവ്.

നിറങ്ങളില്‍ സംസ്കാരങ്ങള്‍ സംഗമിച്ച കലാമേളയിൽ മലയാളികളടക്കം വിവിധ രാജ്യക്കാരുടെ ചിത്രങ്ങളും ശിൽപങ്ങളും ആർട്ട് ഇൻസ്റ്റലേഷനുമെല്ലാം പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും ഇത്തവണ ലൈവ് പെർഫോമൻസിൽ ഇടംപിടിച്ച ഏക ഇന്ത്യക്കാരനാണു സിജിൻ. വ്യത്യസ്ത ആശയം മുന്നോട്ടുവച്ച കലാകാരന്മാരെയാണ് ലൈവ് വരയ്ക്കായി വേൾഡ് ആർട്ട് തിരഞ്ഞെടുത്തത്. ലോകപ്രശസ്ത ചിത്രകാരന്മാരായ വിൻസെന്റ് വാൻ ഗോഗ്, ഫരീദ ഖൈലൊ, മൈക്കലാഞ്ചലൊ, ജോഹന്നസ് വീർമെർ, ലിയോനാർഡൊ ഡാവിഞ്ചി എന്നിവരെ ഡൂഡിൽ ആർട്ടിൽ സന്നിവേശിപ്പിച്ച് കാറിൽ ലൈവായി വരയ്ക്കാനുള്ള പ്രമേയം സംഘാടകർക്കും ഇഷ്ടപ്പെട്ടു. വേൾഡ് ആർട്ടിൽ വിശ്വവിഖ്യാത കലാകാരന്മാർക്കുള്ള ശ്രദ്ധയാഞ്ജലി കൂടിയാണു ‍ഡൂഡിൽ കാർ. നേരത്തെ ഒട്ടേറെ രാജ്യാന്തര കലാമേളയിൽ സിജിൻ പങ്കെടുത്തിട്ടുണ്ടെങ്കിലും വാഹനത്തിലെ ലൈവ് വര ഇതാദ്യം.

കാറിനെ കാൻവാസാക്കിയതു ജനങ്ങളും ഏറെ ആസ്വദിച്ചു. വര തുടങ്ങുമ്പോൾ തന്നെ ചുറ്റുംകൂടുന്ന കലാസ്വാദകർ തീരുമ്പോഴേ പിരിയാറുള്ളൂ. എന്നാൽ വരയിലെ വിസ്മയം ആവേശത്തോടെ കണ്ടുനിന്ന കുഞ്ഞുങ്ങളെ മാതാപിതാക്കൾ പിന്തിരിപ്പിച്ചു കൊണ്ടുപോകുന്നതും കൗതുകമായി. ഇതിൽനിന്നുള്ള പ്രചോദനത്തിൽ കുട്ടികൾ സ്വന്തം വാഹനം കാൻവാസാക്കുമോ എന്നതായിരുന്നു രക്ഷിതാക്കളുടെ പേടി. ഇളക്കിമാറ്റാവുന്ന പെയിന്റുകൊണ്ടുള്ള വര വാഹനത്തിന്റെ അസ്സൽ പെയിന്റിനു തകരാറൊന്നും വരുത്തില്ലെന്ന് ബോധ്യപ്പെടുത്തിയപ്പോഴാണ് ചിലർക്കു ആശ്വാസമായത്.  ഇതേസമയം വരച്ച വാഹനം റോഡിൽ ഇറക്കണമെങ്കിൽ ആർടിഎയുടെ പ്രത്യേക അനുമതി വേണം. എന്നാൽ പ്രദർശനത്തിന്റെ ഭാഗമായി വാഹനത്തിൽ വരയ്ക്കാൻ ടൂറിസം വകുപ്പിന്റെ അനുമതി മാത്രം മതി.

Manorama Article