യുഎഇയുടെ പിറന്നാളിന് വിദേശികളായ 48 ചിത്രകാരന്മാർ ചേർന്നൊരുക്കിയത് കൂറ്റൻ സമ്മാനം. ജേർണി ഓഫ് ദി എമിറേറ്റ്സ് എന്ന പ്രമേയത്തിൽ യുഎഇയുടെ ചരിത്രം കാൻവാസിലേക്കു പകർത്തി രാജ്യത്തിന് സമ്മാനിക്കുകയായിരുന്നു വെഞ്ഞാറമൂട് സ്വദേശി സിജിൻ ഗോപിനാഥിന്റെ നേതൃത്വത്തിൽ 9 രാജ്യങ്ങളിൽനിന്നുള്ള 48 ചിത്രകാരന്മാർ. ദ് ആർട്ടിസ്റ്റ് നെറ്റ്‌വർക്കും ഷാർജ സഫാരി മാളും ചേർന്നാണ് 15 മീറ്റർ നീളത്തിലുള്ള ക്യാൻവാലസിൽ ചരിത്രം രചിച്ചത്.
ജോലിചെയ്യുന്ന രാജ്യത്തോടുള്ള കൂറ് പ്രകടിപ്പിക്കാൻ കിട്ടിയ അവസരമാണ് വ്യത്യസ്തമായ ചിത്രമായി രൂപപ്പെട്ടതെന്നു സിജിൻ പറഞ്ഞു. ജാതിമത, വർണ, വർഗ, ലിംഗ വ്യത്യാസമില്ലാതെ എല്ലാവരും ഒത്തൊരുമിച്ചൊരു ചിത്രം പൂർത്തിയാക്കിയതു സഹിഷ്ണുതാവർഷത്തെ അന്വർഥമാക്കുകയായിരുന്നുവെന്ന് ചിത്രകാരി ഫബിന ഫാത്തിമ പറഞ്ഞു. ലൈവ് പെയിന്റിങ്ങിനെക്കുറിച്ച് മാധ്യമങ്ങളിലൂടെ അറിഞ്ഞെത്തിയ പലർക്കും വിവിധ രാജ്യക്കാരായ ചിത്രകാരന്മാരുടെ ഒത്തുകൂടുതൽ ആവേശം പകർന്നതായി ചിത്രകാരി യാമിനി മോഹൻ പറഞ്ഞു.
കേവലം മരുഭൂമി മാത്രം സ്വന്തമായുണ്ടായിരുന്ന യുഎഇയുടെ ബഹിരാകാശം വരെയുള്ള കുതിപ്പും അതിനു നേതൃത്വം നൽകിയ ഭരണാധികാരികളുമെല്ലാം ക്യാൻവാസിൽ തെളിഞ്ഞു. സന്ദർശകരിൽ കലാഭിരുചിയുള്ള കുട്ടികൾക്കും മുതിർന്നവർക്കും വരയ്ക്കാൻ അവസരം നൽകി.
https://www.manoramaonline.com/global-malayali/gulf/2019/12/05/journey-of-the-emirates-drawing.html